2015, ഡിസംബർ 8, ചൊവ്വാഴ്ച


ശശികല ടീച്ചറും ഹനുമാന്‍സേനക്കാരും സമരചരിത്രം പഠിക്കേണ്ടത് എത്രമാത്രം ആവശ്യം, ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാകാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് ശശികല ടീച്ചര്‍ ഓര്‍ക്കുക:- എസ് വി പ്രദീപ് എ‍ഴുതുന്നു:- വിശദവായനയ്ക്ക് ചുവടെ
Read And Follow This Link Also
http://bit.ly/1I6ubcJ
ശശികല ടീച്ചറിനും അനുകൂലികൾക്കും ഹനുമാൻസേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകൾക്കും നല്ല നമസ്കാരം.പക്ഷേ നിങ്ങൾ ഓർക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി.
ഓൺലയ്ൻ പെൺവാണിഭം ശശികലടീച്ചറനുകൂലികൾക്കും സംഘികൾക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതിൽ ഉൾപ്പെട്ട ആരോപിതരുടെ എഫ് ബി പേജിൽ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങൾ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐ പി എസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി
ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്കാര സംരക്ഷണത്തിൻറെ മൊത്തക്കച്ചവടക്കാർ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചപ്പോൾ നൈസർഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആൺ പെൺ സൗഹൃദത്തിൻറെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാൻ നടത്തിയ അവകാശപ്പോരാട്ടം. അതിൽ പങ്കെടുത്തവർ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിൾ ചേർത്തപ്പോൾ പകുത്ത് നൽകിയത് ബൊഹീമിയൻ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്
പുരാണങ്ങളും അതാണ് ടീച്ചർജീ...
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങൾ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിൻറെ പ്രതീകങ്ങൾ. യാദവ കുലത്തിൽ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആൺ പെൺ വേർതിരിവ് രൂഢമൂലമാക്കിയപ്പോൾ സ്വാതന്ത്ര്യത്തിൻറെ, സൗഹൃദത്തിൻറെ, സംഗീതകാരനായി കൃഷ്ണൻ. ആ കൃഷ്ണനോട് ഐക്യദാർഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണൻമാരും പതിനായിരത്തെട്ടിലധികം രാധമാരും... കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ് എഫ് ഐ ക്കാരും ഡി വൈ എഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചർജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോൾ പോയി പണി നോക്കാൻ പറഞ്ഞ കൃഷ്ണൻമാരും രാധമാരും. ശിവസേനക്കാരൻറെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാർ കൃഷ്ണൻമാർ...
ബ്രാഹ്മണ്യം രജപുത്ര ഋതുമതികൾക്ക് മേൽ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയിൽ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കർണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചർജീ
കൂർത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നൽകിയ സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓർക്കുക.
രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തിൽ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരിൽ നിങ്ങൾ അവരെ കുരുശിൽ തറയ്ക്കാൻ വെമ്പുമ്പോൾ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഓർമ്മിപ്പിക്കുക കർത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐ പി എസ് നിങ്ങൾക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങൾ അവരിൽ കണ്ടതിനാൽ. മറ്റുളളവർക്ക് അങ്ങനെ ആകണമെന്നില്ലല്ലോടീച്ചർജീ.
വാണിഭം എന്നാൽ കൊടുക്കൽ വാങ്ങൽ. അത് സ്വർണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാൽ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധർമ്മം ടീച്ചർജീ??
നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിർണായക വാർത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ ക്രൈം ബീറ്റുകാർക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്കൂപ്പ് മസേജ് വന്നുവെങ്കിൽ അത് ചില്ലറകാര്യമാണോ ടീച്ചർജീ? വാണിഭ റയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തിൽ അതീവ രഹസ്യമാക്കുന്നതിന് പകരം സ്കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാൽ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാൻ സാധ്യത ഇല്ലേ ടീച്ചർജീ
ആഭ്യന്തരവകുപ്പിനെതിരായ വാർത്തയും അതിനെ ചെറുക്കാൻ അനുകൂല വാർത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോർട്ടർമാർക്ക് പോലീസിൽ നിന്നുതന്നെ മെസ്സേജാകുമ്പോൾ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകർന്നോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ ടീച്ചർജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാൽപത് വട്ടം അർദ്ധനഗ്ന ഫോട്ടോകൾക്കൊപ്പം വിവിധ ആംഗിളുകളിൽ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമൻറെ രാഷ്ട്രീയം എല്ലാവർക്കും അറിയുന്നതല്ലേ ടീച്ചർജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങൾ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകൾ പറയുന്നതിൽ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചർജീ?
താങ്കളുടെ ആൾക്കാർ വിശേഷിപ്പിക്കുന്ന മൂകാംബികാദാസൻറെ സർവ്വീസ് ചരിത്രത്തിൽ ദാസനെ സെൻസിറ്റീവ് പോസ്റ്റുകളിൽ നിയമിക്കരുതെന്ന് മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂർ വിജിലൻസ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങൾ ഒന്ന് പഠിക്കുക. ദാസൻറെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാർ എന്തിന് 4.11.2009 ൽ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകൾ അറിയുക ടീച്ചർജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകൾ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകൾ
പരസ്യപ്രതികരണം ഡി ജി പി വിലക്കിയിട്ടുളളപ്പോ പത്രസമ്മേളനം വിളിച്ചത് പോട്ടേ സ്വകാര്യചാനലുകളിൽ പ്രത്യേകിച്ച് അന്തിചർച്ചകളിൽ ദാസൻ കൃത്യമായി മണിക്കൂറുകൾ ലൈവിൽ പങ്കെടുത്തു. സർവ്വീസ് ചട്ടലംഘനത്തിന് ഡി ജി പി ക്കും മുകളിൽ ആരാണ് ഈ ദാസന് ധൈര്യമായത്?? എന്തിന് വേണ്ടി?? രാഹുൽ രശ്മി ചിഹ്നങ്ങൾ പഠിക്കുന്ന അതേ തീവ്രതയിൽ ജേക്കബ് തോമസിൻറെ അനുഭവ പശ്ചാത്തലത്തിൽ ദാസൻ ചിഹ്നങ്ങളും പഠിക്കാൻ പ്രാഥമിക രാഷ്ട്രീയ വിദ്യാഭ്യാസം ഇനിയും നേടിയിട്ടില്ലാത്ത അണികളെ ആഹ്വാനം ചെയ്യൂ ടീച്ചർജീ.
ഐ എസ് ആർ ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണൻമാരുടെ കണ്ണുനീർ ആവശ്യമുണ്ടോ ശശികലടീച്ചർ അനുകൂലികളേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ