2015, ഡിസംബർ 8, ചൊവ്വാഴ്ച

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവകോൺഗ്രസ് തുർക്കിയെ ബന്ധപ്പെട്ടപ്പോഴാണ് പാർട്ടിയിലെ അടുത്ത നിയമസഭാകക്ഷി നേതാവിനായി ദില്ലി കേന്ദ്രീകരിച്ച് രൂപപ്പെടുന്ന തിരക്കഥയുടെ സൂചന ലഭിച്ചത്. സ്കെച്ച് ഇടൽ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ ഷോട്ട് ഡിവിഷൻ വേഗത്തിൽ നടക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :- "ത്രിമൂർത്തികൾ" എന്ന "കേരള ഹൈക്കമാൻഡ്"

ഞാൻ ചില സംശയങ്ങൾ സൂചിപ്പിച്ചപ്പോൾ 'പക'യുടെ ചരിത്രബോധത്തെ കൂട്ടുപിടിച്ചാണ് യുവതുർക്കി സാഹചര്യങ്ങൾ വിശദീകരിച്ചത്.

നിലവിലെ നിയമസഭാ കക്ഷിയുടെ പ്രവർത്തനത്തിൽ പാർട്ടി ഹൈക്കമാൻഡ് ഒട്ടും തൃപ്തരല്ല. പ്രത്യേകിച്ച് 'കേരള ഹൈക്കമാൻഡ്'. അഴിമതി ആരോപണങ്ങൾ മൂടിയപ്പോൾ മാസങ്ങൾക്ക് മുമ്പേ കേരളഹൈക്കമാൻഡിൻറെ ഉപദേശത്തെ തുടർന്ന് സോണിയ ഗാന്ധി ഉമ്മൻചാണ്ടിയെ ദില്ലിക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയത്രേ. അന്ന് ചിരിച്ചിരുന്നതല്ലാതെ ഉമ്മൻചാണ്ടി വാ തുറന്നില്ല. ചാണ്ടിക്ക് ഇരു ഹൈക്കമാൻഡിനേയും പരമപുച്ഛമാണ്.

ആവശ്യമെങ്കിൽ കേരളത്തിൽ ശക്തമായ ഇടപെടൽ നടത്താൻ കേരളഹൈക്കമാൻഡിന് നേതൃത്വം നൽകുന്ന എ കെ ആൻറണിക്ക് ദില്ലി ഹൈക്കമാൻഡ് സർവസ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ചാണ്ടിയും ചെന്നിത്തലയും എല്ലാ ആയുധവും എടുത്ത് വീശിയിട്ടും ഇരുവരുടേയും നോമിനിയായ ജി കാർത്തികേയനെ വെട്ടിമാറ്റി വി എം സുധീരനെ കെ പി സി സി പ്രസിഡൻറായി കേരള ഹൈക്കമാൻറ് വാഴിച്ചതിന് ആൻറണിക്കും സംഘത്തിനും കൃത്യമായ ലക്ഷ്യമുണ്ടെന്ന് യുവതുർക്കി. ദില്ലി തിരക്കഥ നടപ്പാക്കണം

ഞാൻ വീണ്ടും:- അത് വിജയിക്കുമോ? പിന്നെ എന്തേ കേരള ഹൈക്കമാൻഡിന് ലക്ഷ്യത്തോട് അടുക്കാനാവുന്നില്ല?!

പാർട്ടിയിൽ ചാണ്ടി അനുകൂലികളുടെ ശബ്ദം നാൾക്കുനാൾ നേർത്ത് നേർത്ത് വരുന്നു. പാർട്ടിഫോറത്തിൽ ചാണ്ടിക്കായി വീറോടെ വാദിക്കാൻ പണ്ടേപോലെ യുവചാവേറുകൾ തയ്യാറല്ല. പല്ലും നഖവും രാകി രാകി തേഞ്ഞ പഴയ ചില പടകുതിരകളാണ് അല്പം ആശ്വാസം. യുവതുർക്കിയുടെ കണക്കുകൂട്ടലിൽ കേരളത്തിലെ കോൺഗ്രസിൽ ശാക്തിക ചേരികളിൽ വൻമാറ്റങ്ങൾ വന്നു കഴിഞ്ഞു. അല്ലെങ്ങിൽ കേരളഹൈക്കമാൻഡെന്ന ത്രിമൂർത്തികൾ വരുത്തികഴിഞ്ഞു. ത്രിമൂർത്തികൾ നിയോഗിച്ച സുധീരനെന്ന പടത്തലവൻ നിലം ഉഴുത് ഒരുക്കി ഞാറ് നട്ട് വെളളമൊഴിച്ച് വളമിട്ടു....

അപ്പോഴും ഞാൻ ഇടപ്പെട്ടു :-
പാകമാക്കി വിളവെടുക്കാൻ കഴിയുമോ? അത് എന്നെന്നോ എങ്ങനെയെന്നോ ആർക്കും വ്യക്തമായ ഉത്തരമില്ലെന്ന് യുവതുർക്കി.

അതാണ് ഉമ്മൻചാണ്ടി;
ചാണ്ടി എന്തിന് വികസന പദ്ധതികളുമായി അടിക്കടി കേന്ദ്രസർക്കാരിന് മുന്നിലെത്തുന്നു? എന്ത് കൊണ്ട് കെ എം മാണിയെ അതിശക്തമായി അവസാനം വരെ ന്യായികരിക്കുന്നു? എന്തുകൊണ്ട് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു? യുവതുർക്കി ചോദിച്ചപ്പോൾ മറുപടി മൂളലിൽ ഒതുക്കാനേ എനിക്കായുളളൂ.

അതാണ് 'ചാണ്ടി രാഷ്ട്രീയം'
എ കെ ആൻറണിയും വയലാർ രവിയും മുല്ലപ്പളളി രാമചന്ദ്രനും എന്ന കേരള ഹൈക്കമാൻഡിനേയും അവരുടെ സംസ്ഥാന പടത്തലവൻ വി എം സുധീരനെയും 'രാഷ്ട്രീയമായും ജാതീയമായും മതപരമായും' നേരിടാൻ മേൽപ്പറഞ്ഞവ പിന്തുടരണമെന്ന് ഉമ്മൻ ചാണ്ടിയെ ആരും ഓതേണ്ട കാര്യമില്ല.

1977 ൽ രാജൻകേസിനെ തുടർന്നും 1995 ൽ ചാരകേസിനെ തുടർന്നും 2001 ൽ തിരഞ്ഞെടുപ്പിലൂടെയും എ കെ ആൻറണിയെ മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചു. പിടിവിടുന്നു എന്ന് തോന്നിച്ചപ്പോ അതേ ആൻറണിയെ 2004 ലെ വീഴ്ചയിലും വായ്പ്പിഴവിലും കൈകൊടുത്ത് സംരക്ഷിക്കാതെ ദില്ലിക്ക് വിമാനം കയറ്റി. 1991-92 ൽ കെ പി സി സി അധ്യക്ഷസ്ഥാനത്ത് വയലാർ രവിയോട് 18 വോട്ടിന് തോറ്റ് കരഞ്ഞ ആൻറണിയുടെ കണ്ണുനീര് അന്ന് ഒപ്പിയത് പോലെ ഒപ്പിയെടുക്കാൻ ചാണ്ടിയെ കിട്ടില്ല.

2004 ൽ മുഖ്യമന്ത്രിപദം നഷ്ടമായി ദില്ലിക്ക് വിമാനം കയറുമ്പോൾ ആൻറണി ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നത്രേ. അന്ന് ഉറപ്പിച്ച ലക്ഷ്യത്തോട് ഏറെ അടുത്ത് സന്ദർഭങ്ങൾ വന്നതാണ് പക്ഷേ ചാണ്ടി - മാണി - കുഞ്ഞാലി അച്ചുതണ്ട് കേരളഹൈക്കമാൻഡിനെ പൊളിച്ചു. ഒപ്പം രമേശ് ചെന്നിത്തല എന്ന പാർട്ടി പ്രസിഡൻറിൻറ കൗശലക്കുറവും. പിന്നെ അരുവിക്കര അടക്കം ഉപതിരഞ്ഞുടുപ്പ് ഫലങ്ങളും.

കാലം കണക്ക് തീർക്കലിൻറെ അസുലഭ അവസരമൊരുക്കി മുന്നിൽ നിൽക്കുന്നു എന്ന് എ കെ ആൻറണിക്കും വയലാർ രവിക്കും മുല്ലപ്പളളി രാമചന്ദ്രനും ഉമ്മൻചാണ്ടിയാൽ പതിറ്റാണ്ട് രാഷ്ട്രീയ വനവാസം വിധിക്കപ്പെട്ട വി എം സുധീരനുംമനസിലാക്കിയിരിക്കുന്നു. ഇവർ തുറന്ന് വിട്ടിരിക്കുന്ന യുവ ചാവേറുകളുടെ നിലപാട് കാണുമ്പോൾ കോൺഗ്രസ് ചരിത്രം പിന്നോട്ട് കറങ്ങി കരുണാകര - ആൻറണി കാലത്തിൽ എത്തിനിൽക്കുന്നു. ഇനി അറിയേണ്ടത് ബാർക്കോഴയും അനുബന്ധ കോടതിവിധികളും പഞ്ചായത്ത് തോൽവിയും ""കണ്ണുനീരിൻറെ കടംപറച്ചിലായി"" ഉമ്മൻചാണ്ടിയെ തിരിഞ്ഞ് കുത്തുമോ!!

യുവതുർക്കിയുടെ സൂചനകളിലെ ദില്ലി തിരക്കഥ ആദ്യ ഘട്ടത്തിൽ.......
കേരള മുഖ്യമന്ത്രി :- വി എം സുധീരൻ ; കെ പി സി സി പ്രസിഡൻറ് :- മുല്ലപ്പളളി രാമചന്ദ്രൻ ; എ കെ ആൻറണി - രാഷ്ട്രപതി ; വയലാർരവി - കേന്ദ്രഭരണ പ്രദേശത്തെ ഗവർണർ.....

പക്ഷേ കണക്ക് തെറ്റിച്ച് കേന്ദ്ര ഭരണം എൻ ഡി എ കൈക്കലാക്കി. അതുകൊണ്ട് തിരക്കഥ മാറിയെന്നും യുവതുർക്കി...
മുഖ്യമന്ത്രി :- എ കെ ആൻറണി ; ഉപമുഖ്യമന്ത്രി :- വയലാർ രവി ; ആഭ്യന്തരം :- മുല്ലപ്പളളി രാമചന്ദ്രൻ ; വി എം സുധീരൻ :- കെ പി സി സി പ്രസിഡൻറ് ; രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതോടെ ചാവേറുകൾക്ക് ദേശീയതലത്തിൽ പ്രാധാന്യമുളള സ്ഥാനങ്ങൾ..പിന്നെ വിവിധ സംസ്ഥാനങ്ങളുടെ ചുമതല.

ദില്ലി തിരക്കഥ ആദ്യം ചോർന്ന് കിട്ടിയതും ഉമ്മൻചാണ്ടിക്ക്. വീരനും ചന്ദ്രചൂഡനും ജോസഫും അടക്കം ആരൊക്കെ ചേരി മാറിയാലും കേരള ഹൈക്കമാൻഡിൻറെ ചാവേറുകൾ തലങ്ങും വിലങ്ങും ഉടവാൾ വീശിയാലും ഉമ്മൻചാണ്ടി മാണിയേയും കുഞ്ഞാലിയേയും വിട്ടുകളിക്കില്ല. അതാണ് ചാണ്ടിരാഷ്ട്രീയം. കൈവിട്ടാൽ അന്ന് അവസാനിക്കും ചാണ്ടി രാഷ്ട്രീയം. അതാണ് ത്രിമൂർത്തികൾക്കും ആവശ്യം. ആ ചാണ്ടി രാഷ്ട്രീയത്തെ വെട്ടിത്തളളി മുന്നേറാൻ ത്രിമൂർത്തികൾക്ക് കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഓടുക ദില്ലി തിരകഥയിലെ ചിത്രമാകും. തനിക്കെതിരെ "ഗൂഢാലോചന" എന്ന മാണിയുടെ വാക്കുകൾക്ക് മൂർച്ച ഏറയാണ്. ആ കടുത്ത മൂർച്ചയുടെ കാഠിന്യത്തെ നിഷ്ഭ്രമമാക്കി മുന്നേറാൻ ത്രിമൂർത്തികൾക്ക് എത്രകണ്ട് സാധിക്കും!!!??...
ഫലം എന്തായാലും അതാവും യു ഡി എഫിൻറെ പുതിയകാല ചരിത്രം. അവിടെ തുടങ്ങും യു ഡി എഫിലെയും കോൺഗ്രസിലേയും പുതിയ സമവാക്യങ്ങൾ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ