2015, ഡിസംബർ 8, ചൊവ്വാഴ്ച

2015 സെപ്തംബര്‍ 26…
അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന തലസ്ഥാനത്ത്. തിരക്കിട്ട സംഘടനാ ചര്‍ച്ചകള്‍. ശേഷം ഷായ്ക്ക് അല്‍പം വിശ്രമം. ആ സമയം രാത്രി വൈകി രണ്ടുപേര്‍ നിര്‍ണായക തയ്യാറെടുപ്പില്‍. രഹസ്യചര്‍ച്ചയ്ക്ക് അരങ്ങൊരുക്കുകയാണ് ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും സംഘപരിവര്‍ സംഘടനകളുടെ സംസ്ഥാന കോര്‍ഡിനേറ്ററുമാണ് രണ്ടുപേര്‍. അല്‍പസമയം കഴിഞ്ഞപ്പോള്‍ അമിത്ഷായും സംഘപരിവാര്‍ സംഘടനകളുടെ ദേശീയ കോര്‍ഡിനേറ്ററും എത്തി. അടച്ചിട്ട മുറിയില്‍ നാല്‍വര്‍സംഘത്തിന്റെ അതീവ രഹസ്യചര്‍ച്ചയ്ക്കു തുടക്കം. വളരെ വൈകാതെ അവര്‍ കാത്തിരുന്ന വിഐപി, ചര്‍ച്ചയുടെ ഭാഗമായി. കേരളത്തില്‍ മൂന്നാംമുന്നണി എന്ന ആശയത്തിന് ആളും അര്‍ത്ഥവും നല്‍കുന്ന പ്രമുഖവ്യവസായ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ഇദ്ദേഹം. മിസ്റ്റര്‍ അമിത് ഷാ, ആരാണ് ഇദ്ദേഹം? എന്താണ് ഇദ്ദേഹത്തിന് സംഘടനാ പ്രതിനിധികളുടെ ചര്‍ച്ചയിലെ പ്രസക്തി? ഒരു മണിക്കൂറിലധികം നീണ്ട അടച്ചിട്ട മുറിയിലെ അതീവരഹസ്യകൂടിക്കാഴ്ചയുടെ അജണ്ട എന്ത്? അറിയാനുള്ള അവകാശം കേരളത്തിനുണ്ട്. പറയാനുള്ള ബാധ്യത താങ്കള്‍ക്കും.

മേല്‍ പറഞ്ഞ വിവരം ലഭിച്ചത് കഴിഞ്ഞ ദിവസം ജമ്മുതാവി എക്‌സ്പ്രസില്‍ കൊച്ചിയിലേക്കള്ള യാത്രക്കിടെ. സംസാരിച്ചത് ബിജെപി സംസ്ഥാനസമിതി അംഗം. അദ്ദഹത്തിന്റെ പരാമര്‍ശവും ശ്രദ്ധേയമായി. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും നിമയസഭാ തെരഞ്ഞെടുപ്പും ബിജെപി ക്ക് വെറും റിഹേഴ്‌സല്‍ ക്യാമ്പ് മാത്രം. ലക്ഷ്യം വിശാലം.

നേതാവിന്റെ പരാമര്‍ശം ‘അമിത് ഷാ യുടെ അജണ്ട’ എന്ന തലക്കെട്ടില്‍ ദേശീയ മാധ്യമത്തില്‍ മുമ്പ് വന്ന ലേഖനം എന്നെ ഓര്‍മ്മപ്പെടുത്തി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. ആ കാലഘട്ടത്തില്‍ അങ്ങേക്കായിരുന്നു ഉത്തര്‍പ്രദേശിന്റെ ചുമതല. അക്കാലത്ത് അങ്ങ് നിരവധി രഹസ്യ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നെന്നും കലാപത്തിന് മുമ്പ് മുസാഫര്‍ നഗറിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് 15 ഓളം യുവാക്കളെ റിക്രൂട്ട് ചെയ്ത് പ്രത്യേകം പരിശീലിപ്പിച്ചെന്നും ലേഖനം. ഇതേ അവസ്ഥ ആയിരുന്നു ഗുജറാത്തിലെ ഗോദ്ര കാലാപത്തിന് മുന്‍പും അയോധ്യയിലെ കര്‍സേവയ്ക്ക് മുന്‍പും ഉള്ള അങ്ങയുടെ രാഷ്ട്രീയ സൂക്ഷമതയെന്നും ലേഖനം വിലയിരുത്തുന്നു.
ഇത്തരം ഓര്‍മ്മപ്പെടുത്തലാണ് അങ്ങയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന അഞ്ചംഗ സംഘത്തിന്റെ രഹസ്യകൂടിക്കാഴ്ചയെ ആശങ്കയോടെ സംശയിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി അടുത്തയിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചപ്പോള്‍ കേരളത്തെക്കുറിച്ചുള്ള സെഷനില്‍, ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയബോധമെന്നു ചൂണ്ടിക്കാട്ടിയ കേരളത്തിലെ മുതിര്‍ന്ന നേതാവിനെ അങ്ങു തിരുത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, കേരളം ഇവിടുത്തെ ജനമനസ്സ് ഒരുപോലെ ചിന്തിക്കുന്നു എന്ന മനശാസ്ത്രജ്ഞന്‍മാരുടെ പഠനം ചൂണ്ടിക്കാട്ടുകയും ജനമനസ്സ് പാകപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ദൗത്യമെന്നും കേരളനേതാക്കളെ ഓര്‍പ്പെടുത്തിയാതായി അറിഞ്ഞു.

അപ്പോള്‍ ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാമെന്ന് അങ്ങ് സ്വപ്നം കാണുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് ഹൈന്ദവ ബിംബങ്ങളെ ഉയര്‍ത്തികാട്ടി, വിശ്വാസ ചടങ്ങുകളെ മുഴുവന്‍ തെരുവ് ഘോഷയാത്രകള്‍ ആയി വ്യാപിപ്പിക്കാന്‍ അങ്ങ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മൂന്നാം മുന്നണി എന്ന രാഷ്ട്രീയ സ്വപ്നത്തിനൊപ്പം ടിവി ചാനലടക്കം ഉള്ള കേരളത്തിലെ ഒരു പ്രമുഖ മാധ്യമഗ്രൂപ്പിനെ വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങള്‍ക്കും അങ്ങ് നേരിട്ട് നേതൃത്വം നല്‍കുന്നതായി അറിയുന്നു. ജനാധിപത്യപ്രക്രിയയില്‍ ഇതൊക്കെ അങ്ങയുടെ കടമയും അവകാശവുമായിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ലോല മാനസികാവസ്ഥകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അങ്ങയുടെ ഉത്തരേന്ത്യന്‍ തന്ത്രം ദയവായി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുക. അങ്ങുള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ തലസ്ഥാനത്തെ രഹസ്യകൂടിക്കാഴ്ചയ്ക്ക് അങ്ങനെ ഒരു അജണ്ട ഇല്ലെന്ന് വിശ്വസിക്കട്ടെ. അത് ഉറപ്പു വരുത്താനുള്ള ബാധ്യത അങ്ങേയ്ക്കും കൂടിയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ