2016, ജനുവരി 6, ബുധനാഴ്‌ച

ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക് ചോർത്തിയതിൻറെ അജണ്ട എന്ത്? എസ് വി പ്രദീപ് എ‍ഴുതുന്നു; വിശദ വായനയ്ക്ക്:-
http://dailyindianherald.com/r-shankar-statue-secret-behi…/…
കൂടാതെ www.facebook.com/svpradeeptvm
ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ. നിശ്ചിത ഇടവേളകളിൽ കൃത്യമായും പ്രത്യേക സന്ദർഭങ്ങളിൽ അതിനുവേണ്ടിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയ്യാറാക്കാറുണ്ട്. വസ്തുതകൾ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് ശേഖരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കുന്ന ഭാഗങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെ പി സി സി പ്രസിഡൻറ് വി എം സുധീരനും ചിരിക്കാൻ വക നൽകുന്നതാണെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിരിപ്പിക്കുന്നതല്ല.
*മുഖ്യമന്ത്രിയുടെ ജനസമ്മിതി നാൾക്കുനാൾ ഇടിയുന്നു. *പൊതുസമൂഹത്തിൽ ചിലവിഭാഗങ്ങളിൽ ഒഴിച്ച് ശക്തമായ സംശയവും രോഷവും മുഖ്യമന്ത്രിക്ക് നേരെ രൂപപ്പെട്ടിട്ടുണ്ട്.
*കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫ് ഘടക കക്ഷി അണികളിലും സമാന വികാരം.
*ഏതുസാഹചര്യത്തിലും മുഖ്യമന്ത്രിക്ക് നേരെ ഒറ്റപ്പെട്ടതെങ്കിലും ആക്രമണങ്ങൾ ഉണ്ടാകാനുളള സാധ്യതകൾ ഏറെയാണ്.
*അടിയന്തിരമായി മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം.
* വൻ ജനാവലി ഒത്ത് കൂടുന്ന പരിപാടികൾ മുഖ്യമന്ത്രി ഒഴിവാക്കണം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാധാരണ റിപ്പോർട്ടുകൾക്കൊപ്പം കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിലും സമാന വസ്തുതകൾ വന്നതോടെ ആണ് കാര്യങ്ങൾ ഗൗരവമായത്. ഈ വസ്തുതകൾ ഏറ്റവും അടുത്തറിയാവുന്ന ഉമ്മൻചാണ്ടി വിരുദ്ധനായ മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിലയിരുത്തിയത് ഐ എസ് ആർ ഒ ചാരക്കേസിനെ തുടർന്ന് 1994 ൽ കരുണാകരനെതിരെ സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ അവസ്ഥ എന്നാണ്. ഈ വസ്തുതകൾ വെളളാപ്പളളിക്ക് ചോർന്ന് കിട്ടിയത് എവിടെ നിന്ന്? ചോർന്നത് രാഷ്ട്രീയപരമായി ശരിയായിരിക്കാം,നിയമപരമായും ധാർമ്മികമായും ശരിയോ?
കേന്ദ്രസർക്കാരിൻറേയും പ്രധാനമന്ത്രിയുടെ ഓഫീസിൻറേയും രഹസ്യങ്ങൾ നിലവിലെ രാഷ്ട്രീയ അവസ്ഥയിൽ മുഖ്യ സംഘാടകന് ലഭിക്കുക സ്വാഭാവികം.എന്നാൽ സംസ്ഥാന സർക്കാരിൻറേതോ? സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയത് ഉമ്മൻചാണ്ടി അല്ലെന്ന് ഉറപ്പ്. കാരണം ചോർന്നാൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾക്ക് വിലയിടിയും.മാത്രവുമല്ല ചോർന്ന് കിട്ടിയ കേന്ദ്ര സംസ്ഥാന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട എസ് എൻ ഡി പിയുടെ മനസ്സ് ഉമ്മൻചാണ്ടിയുമായും വെളളാപ്പളളിയുമായും ഏറെ അടുപ്പമുളള ഒരു ഘടകക്ഷി നേതാവ് ശ്രദ്ധയിൽപെടുത്തിയതിൻറെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയുടെ മനസാക്ഷിസുക്ഷിപ്പുകാരായ മുതിർന്ന മന്ത്രിയും എം എൽ എ യും ചർച്ചചെയ്ത് പ്രശ്നംരമ്യമായി പരിഹരക്കാൻ ആഴ്ചകൾക്ക് മുമ്പ് ഫോർമുല രൂപപ്പെടുത്തിയിരുന്നു. വിഷയം അവിടെ അവസാനിക്കുമെന്ന് ഇരു വിഭാഗവും കരുതി. എന്നാൽ ഇവരുടെ ധാരണ തെറ്റിച്ചത് രാഹുൽ ഗാന്ധി നിയോഗിച്ച കേരളസർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നിയോഗിച്ച സർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം കഴിഞ്ഞ ആഴ്ച അവസാനം ചേർന്നിരുന്നു. അവിടെ ഉമ്മൻചാണ്ടിക്കെതിരായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ട് ഉമ്മൻചാണ്ടി വിരുദ്ധർ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിച്ചു. സർക്കാർ റിപ്പോർട്ടുകളും രാഹുൽ സർവ്വേ സംഘത്തിൻറെ റിപ്പോർട്ടും യോജിച്ചു എന്നിടത്താണ് അടിയൊഴുക്കുകളുടെ രാഷ്ട്രീയ പാഠം വായിക്കേണ്ടത്. രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയതിനെതിരെ ഉമ്മൻചാണ്ടി പക്ഷം ചന്ദ്രഹാസമിളക്കി. തനിക്ക് ചോർന്ന് കിട്ടിയ വിവരങ്ങൾ വെളളാപ്പളളി രഹസ്യമായി രണ്ട് നേതാക്കളോട് പറഞ്ഞതൊക്കെ സർവ്വേയോഗത്തിൽ പരസ്യമായി. ആരൊക്കെയാണ് ചോർത്തലിന് പിന്നിലെന്ന് പേരെടുത്ത് പറഞ്ഞ് ഉമ്മൻചാണ്ടി പക്ഷം വലിച്ചുകീറി. അവിടുന്ന് തുടങ്ങിയ ഉമ്മൻചാണ്ടി കോർഗ്രൂപ്പിൻറെ സടകുടഞ്ഞെണീക്കലാണ് നിലവിലെ വിവാദങ്ങളുടെ രാഷ്ട്രീയ കാതൽ.
ഹിഡൻ ഓപ്പറേഷൻ :- പതിവിൽ നിന്ന് വ്യത്യസ്തമായി ഓപ്പറേഷൻ നടത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം. പത്രക്കുറിപ്പ് ഇറങ്ങും മുമ്പ് മാധ്യമ വിഭാഗത്തിലെ പ്രധാനി രഹസ്യമായി തലസ്ഥാനത്തെ രണ്ട് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകരെ സ്വകാര്യമായി വിളിച്ച് അജണ്ട വ്യക്തമാക്കി. പിന്നെ നടന്നത് വിവരിക്കേണ്ട കാര്യമില്ല. ചർച്ച ഗതിമാറുന്നത് കണ്ട് ഉമ്മൻചാണ്ടി വിരുദ്ധർ പകച്ചു. ഗതികെട്ട് ഉമ്മൻചാണ്ടി അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങേണ്ടി വന്നു.
നിരീക്ഷണം :- ഉമ്മൻചാണ്ടി വിരുദ്ധർ രാഷ്ട്രീയ പാഠം ഉമ്മൻചാണ്ടിയിൽ നിന്നും പഠിക്കണം. അതാണ് ഉമ്മൻചാണ്ടി പൊളിറ്റിക്സ്. കരുണാകര ശിഷ്യനായിട്ടും രമേശ് ചെന്നിത്തലയും ആൻറണി ശിഷ്യനായിട്ടും വി എം സുധീരനും ഉമ്മൻചാണ്ടിക്കെതിരായ രാഷ്ട്രീയ അടവുകൾ ഫലവത്താക്കാൻ പഠിച്ചിട്ടില്ലന്നതിൻറെ അവസാന ഉദാഹരണമാണ് ആർ ശങ്കർ പ്രതിമാ അനാച്ഛാദന വിവാദം.
നിയതി വാക്യം:- ഐ എസ് ആർ ഒ ചാരകേസിൽ കരുണാകരനെ രാജിവയ്പ്പിക്കാനുളള ക്യാമ്പയിന് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി അടിസ്ഥാനമാക്കിയത് കരുണാകരന് എതിരായ രഹസ്യാന്വേഷണ റിപ്പോർട്ട്. പൊതുപരിപാടികളിൽ ഉമ്മൻചാണ്ടി അനുകൂലികൾ ശക്തമായി ഓരിയിട്ടപ്പോൾ കരുണാകരൻ രാജിക്ക് നിർബന്ധിതനായി. തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര ഉദ്ഘാടന വേദിയിൽ ഉമ്മൻചാണ്ടിയും കൂവൽ നേരിട്ടെന്നത് നിയതി.പ്രധാനമന്ത്രിയുടെ സാന്നിധ്യമുളള ശങ്കർ പ്രതിമാ അനാച്ഛാദനവേദിയിൽ ഉമ്മൻചാണ്ടി കൂവൽ നേരിട്ടിരുന്നെങ്കിലോ!? പുതുതായി മാറി മറിഞ്ഞ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന ഉമ്മൻചാണ്ടിയുടെ നിയതി എന്താവും!?നിയതിക്ക് മാത്രമാകും ഉത്തരം നൽകാൻ സാധിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ