2015 ഡിസംബർ 8, ചൊവ്വാഴ്ച

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വിമതര്‍ ഒരിക്കലും പുതിയ സംഭവമല്ല. സംസ്ഥാനത്തുടനീളം തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതന്‍മാര്‍ മത്സരിച്ചതും ജയിച്ചതും പിന്നെ അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും നേതൃത്വം അവരെ അംഗീകരിച്ചതും ചരിത്രം. മറ്റു മുന്നണികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വിമതശല്യം ഉണ്ടെങ്കില്‍, കോണ്‍ഗ്രസില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിമതപ്പടയാണ്, സംഘടിത രൂപത്തില്‍. ഇവര്‍ക്ക് ഊര്‍ജ്ജമാകുന്നത് ഗ്രൂപ്പ് മാനേജര്‍മാരും. ലക്ഷ്യം സാക്ഷാല്‍ വി എം സുധീരന്‍.

കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച് നിന്നപ്പോള്‍ അവിചാരിതമായി കെപിസിസി നിര്‍വ്വാഹകസമിതി അംഗവും ചര്‍ച്ചയുടെ ഭാഗമായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെപിസിസി നിര്‍വ്വാഹകസമിതി അംഗത്തോട് : ‘പതിവില്‍നിന്നു വ്യത്യസ്തമായി സംസ്ഥാനത്തുടനീളം സമാന്തര പാര്‍ട്ടി മാതൃകയില്‍ റിബലുകള്‍ സംഘടിതരായി മത്സരരംഗത്തുള്ളത് എന്തുകൊണ്ട്?’ നിര്‍വ്വാഹകസമതി അംഗത്തിന്റെ മറുപടി : ‘വി എം സുധീരന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ടന്നും ഗ്രൂപ്പുകളുടെ ശക്തിക്ഷയിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി മുന്നോട്ടു പോകാനും ഉന്നത ഗ്രൂപ്പ് നേതാക്കാന്മാര്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിമതപടയുടെ ധൈര്യത്തിന് കാരണം.’

കോണ്‍ഗ്രസ്സ് വിമതപ്പടയുടെ അന്തര്‍നാടകളുടെ രത്‌നചുരുക്കമാണ് മുകളിലെ വസ്തുത വിഎം സുധീരന്‍ എന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും പിന്നീടും വി എം സുധീരന്റെ ചുവട് പിടിച്ച് വിമതര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പറയുമ്പോഴും മുമ്പെങ്ങുമില്ലാത്തവിധം സംഘടിത രൂപത്തില്‍ സംസ്ഥാനത്തുടനീളം വിമതന്‍മാര്‍ മത്സരിക്കുന്നു. ഇവരെല്ലാം തന്നെ ഔദ്യോഗിക സ്ഥാര്‍ത്ഥികള്‍ക്ക് കടുത്ത ഭീഷണിയെന്ന് വലയിരുത്തപ്പെടുന്നു.

പാര്‍ട്ടി ചിഹ്നത്തിലല്ലെങ്കിലും തങ്ങളാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞാണ് വിമതര്‍ വോട്ടര്‍മാരെ കാണുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരിക്കപ്പെടുമെന്ന ആത്മവിശ്വാസവും ഇവര്‍ പ്രകടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തന്റെ ഫോര്‍മുല അംഗീകരിക്കപ്പെടണമെന്ന സുധീരന്റെ നിര്‍ബന്ധബുദ്ധിയാണ് വിമതശല്യം രൂക്ഷമാക്കിയതെന്നും കെ പി സി സി നിര്‍വ്വാഹകസമിതി അംഗം അഭിപ്രായപ്പെടുന്നു. ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസില്‍ രൂപം കൊളളുന്ന പുതിയ ശാക്തിചേരിയുടെ ലക്ഷണം സൂക്ഷ്മമാണ്. അതിന് തടയിടാന്‍ ഇരു ഗ്രൂപ്പുകളും തദ്ദേശതെരഞ്ഞെടുപ്പിനെ ബലപരീക്ഷണവേദിയായി മാറ്റിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തദ്ദേശതെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രുപ്പുകള്‍ പോരടിച്ചിരുന്നുവെന്നത് ചരിത്രം. എന്നാല്‍ ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി ഇരു ഗ്രൂപ്പുകളുടേയും മൂക്കിന് കയറിടാന്‍ വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ആ സുധീരന്‍ അങ്ങനെ എളുപ്പം ചരിത്രത്തിന്റെ ഭാഗമാകേണ്ടന്നാണ് ‘എ’ ‘ഐ’ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. അതുകൊണ്ടുതന്നെ സുധീരന്റെ കയറിനെ പേടിക്കാതെ തീര്‍ത്തും പുച്ഛിച്ചുതള്ളിയാണ് ഇരു ഗ്രൂപ്പുകളും മുന്നേറുന്നത്. പുതിയചേരിയുടെ മരണമണി മുഴക്കം തദ്ദേശതെരഞ്ഞെടുപ്പില്‍തന്നെ കേള്‍പ്പിക്കണമെന്ന് ഇരു ഗ്രൂപ്പുകള്‍ക്കും നിര്‍ബന്ധമുണ്ട്.

പത്രികപിന്‍വലിക്കാനുള്ള സമയം കഴിഞ്ഞും മത്സരരംഗത്തുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന വിഎം സുധീരന്റെറ അതിശക്തമായ മുന്നറിയിപ്പ്… എന്നാല്‍ പിന്നാലെ വിമതര്‍ക്ക് മുന്നില്‍ സമവായസാധ്യതകള്‍ തുറന്നിട്ട മുഖ്യമന്ത്രിയുടെ കാസര്‍ഗോഡ് പ്രസംഗം… അനുബന്ധമായി രമേശ് ചെന്നിത്തലയുടെ നിലപാട്… സുധീരന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വിമതര്‍ക്കെതിരെ നടപടി എടുക്കാന്‍ പല ഡിസിസികളും തയ്യാറാകാത്തതും, നടപടി ഉണ്ടെങ്കില്‍ തന്നെ അതു ചടങ്ങാക്കി മാറ്റുന്നതും, ഓര്‍മ്മിപ്പിക്കുന്നത് വിഎം സുധീരന്റെ വാക്കുകളുടെ ഇടിഞ്ഞ വിലയാണ്. സുധീരനെ അനുകൂലിച്ച് ശക്തമായ നടപടി എടുത്ത ചിലര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ കണ്ണുരുട്ടലിനെ അതിജീവിക്കാനാകുമോ. സുധീരന്‍ ഒന്നിട്ടാല്‍ പത്ത് എടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി പൂര്‍വ്വാധികം ശക്തിയായി തുടരുന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസ് രാഷ്ട്രീയം പഠിക്കുന്ന രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന തദ്ദേശതെരഞ്ഞെടുപ്പ് നല്ലൊരു പാഠപുസ്തകമായിരിക്കും. സുധീരനിര്‍ദേശത്തെ വെല്ലുവിളിച്ച് മത്സരിക്കാന്‍ തയ്യാറായവരെ (അവര്‍ ജയിച്ചുവന്നാലും തോറ്റുപോയാലും) എന്നെന്നേക്കുമായി പാര്‍ട്ടിയുടെ പടിക്ക് പുറത്തുനിറുത്താന്‍ സുധീരന് സാധിക്കുമോ. അതിശക്തമായ ഇരുഗ്രൂപ്പുകളേയും അതിജീവിച്ച് പുതിയ ഒരു ശാക്തികചേരി രൂപം കൊള്ളുമോ. അതിന്റെ അടിത്തറയില്‍ തന്റേതായ രാഷ്ട്രീയ സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ സുധീരനാകുമോ. എസ്എന്‍ഡിപി – ബിജെപി സഖ്യം വിജയം കാണുകയാണെങ്കില്‍ വരുന്ന നിയഭസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ജീവാത്മാവും പരമാത്മാവും ആയി ഉയര്‍ത്തിക്കാട്ടപ്പെടുക സുധീരനാവും എന്നാണ് സൂധീരാനുകൂലികളുടെ പ്രചാരണം

കോണ്‍ഗ്രസില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും വര്‍ത്തമാനകാലത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. അത് വായിക്കാന്‍ മൂന്നാം കണ്ണിന്റെ ദൃഷ്ടിശക്തി മാത്രം മതിയാവില്ല. തിരുവനന്തപുരത്തെ കല്യാണിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വീണുടഞ്ഞ രാഷ്ട്രീയഭീഷ്മാചാര്യന്‍ കെ കരുണാകരന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ തന്നെ ഉദാഹരണം.


കടല്‍ക്കരയില്‍ ഒഴിവ് ദിനം എന്ന് പറഞ്ഞാണ് സൂസന്‍ ജോര്‍ജ്ജ് ക്ഷണിച്ചത്. പക്ഷേ ഒഴിവ് വിനോദം രാഷ്ട്രീയ ചര്‍ച്ചയാകാന്‍ അധികം സമയം വേണ്ടിവന്നില്ല. സൂസന്‍ ദില്ലി കേന്ദ്രീകരിച്ച മാധ്യമപ്രവര്‍ത്തക ആയതിനാലാകാമത്. തോളില്‍ കൈയ്യിട്ട് കപ്പലണ്ടി കൊറിക്കുന്നതിനിടെ സൂസനാണ് ടാബിലെ എഫ്ബി പേജില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയുടെ മെസ്സേജ് അലര്‍ട്ട് കാട്ടിയത്. മൂന്ന് ദിവസം മുമ്പത്തെ മെസേജിന്റെ മറുപടി. ബിഹാര്‍ തെരഞ്ഞെടുപ്പ് തിരക്ക് എന്ന പരാമര്‍ശം കണ്ടപ്പോ എന്നെ കവിളില്‍ ഞോണ്ടി മാറ്റി സൂസന്‍ തന്നെയാണ് ചോദ്യത്തിന് തുടക്കമിട്ടത്. 15 മിനിട്ടിലധികം ശേഖര്‍ ഗുപ്തയുമായി സംവദിച്ചതിലെ രത്‌നചുരുക്കമാണ് തലക്കെട്ട്.

അമിത്ഷായോ നിതീഷോ?

ആരാവും മുഖ്യമന്ത്രി എന്ന് ചോദിക്കാനാണ് ഞാന്‍ തുനിഞ്ഞത്. അപ്പോഴേക്കും കപ്പലണ്ടി എന്റെ വായില്‍ തിരുകി സൂസന്‍ ജോര്‍ജ്ജ് ചോദ്യം തിരുത്തി. ‘ശേഖര്‍ജീ, തെരഞ്ഞെടുപ്പ് ആര്‍ക്കാണ് പ്രസ്റ്റീജ്?’ ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ടുപേരില്‍ ഒരാളുടെ രാഷ്ട്രീയ വനവാസത്തിന് കാരണമാകും. കാരണം മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നത് അമിത്ഷായുടേയും നിതീഷ് കുമാറിന്റെയും തന്ത്രങ്ങള്‍. എന്‍ഡിഎ വീണാല്‍ 2016 ജനുവരിയിലെ ദേശീയ അധ്യക്ഷപദവിതുടര്‍ച്ച ഷായ്ക്ക് ബാലികേറാമലയാകും. ദില്ലിക്ക് ശേഷമുളള മറ്റൊരു വീഴ്ച എതിരാളികളുടെ വാളിനെ ഇരുതല മൂര്‍ച്ചയുളളതാക്കും. അത് മറ്റാരെക്കാളും നന്നായി അറിയുന്നതും അമിത്ഷായ്ക്കു തന്നെ. അതുകൊണ്ടാണ് 24 മണിക്കൂറും തന്റെ മാത്രമായ ബ്രിഗേഡിയര്‍ ക്യാമ്പില്‍ പ്രചാരണത്തിന് ഷാ നേരിട്ട് നേതൃത്വം നല്‍കുന്നത്. മഹാസംഖ്യം പരാജയപ്പെട്ടാല്‍ പിന്നെ നിതീഷ്‌കുമാര്‍ എന്ന രാഷ്ട്രീയക്കാരന്‍! മാത്രവുമല്ല അടുത്ത 20 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം എങ്ങനെയാവും എന്ന പ്രവചനവും ബീഹാര്‍ നല്‍കും. അടുത്ത മൂന്നു വര്‍ഷത്തിനിടെ നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ രൂപപ്പെടുത്തേണ്ട പ്രചാരണ തന്ത്രങ്ങളുടെ ബ്ലൂപ്രിന്റാണ് ബീഹാറെന്ന രാഷ്ട്രീയ കളരിയില്‍ പരീക്ഷിക്കപ്പെടുന്നത്. ബീഹാറില്‍ അമിത്ഷാ ‘മതം’ എന്ന മന്ത്രം ഉപേക്ഷിച്ച് ‘ജാതി’ എന്ന മഹാമന്ത്രത്തെ ശക്തമായി ഉരുവിടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ജാതി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി മുന്നണികള്‍

സ്വദേശിവാദവും ജാതിസമവാക്യവും ബീഹാറിന്റെ തെരഞ്ഞെടുപ്പ് മണ്ണില്‍ അതിശക്തമായ സാന്നിധ്യമാകുന്നെന്ന് ശേഖര്‍ ഗുപ്ത. നിതീഷിന്റെ ബീഹാറി ഓര്‍ ബാഹ്‌റി എന്ന ചോദ്യത്തില്‍ എന്‍ഡിഎ തട്ടിവീണു എന്ന് തെളിയിക്കുന്നതാണ് പ്രചാരണബോര്‍ഡുകളില്‍ നിന്നും മോദിയേയും ഷായേയും വേഗം നീക്കം ചെയ്ത് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തിയതെന്നും
ശേഖര്‍ജി.

15% മഹാദളിത്, 14.7% മുസ്ലീം, 14.4% യാദവര്‍, 7.1% ബനിയ, 6.4% കൊയറി, 5.7% ബ്രാഹ്മിന്‍, 5.2% രജപുത്, 5% കുറുമി, 4.7% ഭൂമിഹര്‍ ഈ ശക്തികളെ കേന്ദ്രീകരിച്ചാണ് തന്ത്രങ്ങള്‍.

പുതിയസമവാക്യത്തില്‍ ആരൊക്കെ എവിടെ എന്ന പഴയ കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ശേഖര്‍ ഗുപ്ത. ജാതികളെ കൂട്ടിച്ചേര്‍ക്കാനും അതുപോലെ എത്രമാത്രം പിരിക്കാമോ അതിനൊക്കെയും ആവശ്യമായ കുടിലതന്ത്രങ്ങള്‍ അതത് പ്രാദേശികതലങ്ങളില്‍ അപ്പപ്പോള്‍ രൂപപ്പെടുത്തുന്നു ഓരോ കക്ഷിയും; രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്രയും അപകടകരമായ രീതിയില്‍. ഈ തന്ത്രമല്ലേ കേരളത്തിലും പരീക്ഷപ്പെടുന്നതെന്ന സംശയം സൂസന്‍ ജോര്‍ജ് ഉയര്‍ത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒന്നു നോക്കാനേ എനിക്ക് സാധിച്ചുളളൂ.

(NDA) BJP + LJP + RLSP = 39% വോട്ട് ; (മഹാസഖ്യം) JD(U) + RJD + INC + NCP = 46% വോട്ട്.
7% വോട്ടിന്റെ കുറവ്. അത് അതിജീവിച്ച് നിതീഷ്‌കുമാറിനെ ഇറക്കിവിട്ട് പണ്ട് ചായസത്കാരം ഉപേക്ഷിച്ചതിന് പകരംവീട്ടി തന്റെ എല്ലാമെല്ലാമായ മോദിക്ക് മഗധ രാജ്യവും തലസ്ഥാനം പാടലീപുത്രവും സമ്മാനിക്കാന്‍ ഷായുടെ ‘ജാതി’ മഹാമന്ത്രത്തിന് കഴിയുമോ ? കഴിഞ്ഞാല്‍ 171/243 ഫലമെന്ന് ശേഖര്‍ജി. കഴിഞ്ഞ പാര്‍ലമെന്റ് ഫലമാണ് അദ്ദേഹത്തിന് കൂട്ട്. മറിച്ചായാല്‍ 85 ലേക്ക് എന്‍ഡിഎ റോക്കറ്റ് കൂപ്പുകുത്തും. പിന്നെ 2016 ജനുവരിയില്‍ ഷായെ സംരക്ഷിക്കാന്‍ സാക്ഷാല്‍ മോദിക്കും ആകില്ല.

മാഞ്ചി-പപ്പു ദ്വയം

നിതീഷിന്റെ അടുപ്പക്കാരനായിരുന്ന ജിതന്‍ റാം മാഞ്ചിയും ലാലുപ്രസാദിന്റെ മാനസപുത്രനായിരുന്ന പപ്പുയാദവും അമിത്ഷായ്ക്ക് എത്രകണ്ട് പ്രയോജനപ്പെടും?
15% മഹാദളിതര്‍, 14.4% യാദവര്‍ ബാക്കി പിന്നാക്കശക്തികള്‍; ശത്രുവിന്റെ ശത്രു മിത്രം എന്ന ഷാ യുടെ ആപ്തവാക്യത്തിനപ്പുറം എന്‍ഡിഎയ്ക്ക് അടിസ്ഥാനമാകാന്‍ ഇരുവര്‍ക്കുമാകുമോ?

കടുത്തമത്സരമുളള യാദവ ശക്തി മേഖലകളില്‍ മഹാസഖ്യത്തിന്റേത് യാദവ സ്ഥാര്‍ത്ഥിയാണെങ്കില്‍ യാദവേതര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ മത്സരിപ്പിക്കണംഎന്ന നിലപാടില്‍ പ്രാദേശിക നേതാക്കന്‍മാര്‍ നെറ്റി ചുളിച്ചപ്പോള്‍ തീരുമാനം നടപ്പാക്കാനായിരുന്നു ഷായുടെ നിര്‍ദ്ദേശം: ‘ജാതി’ മന്ത്രത്തിലെ ഷാ തന്ത്രം. സ്വദേശിവാദവും സുഷമവസുന്ധരചൗഹാന്‍ അഴിമതിയും, മോദിയുടെ 1.25 ലക്ഷംകോടിയെ കവച്ച് വച്ച് 2.70 ലക്ഷംകോടിയുടെ പാക്കേജുമായി മറുതന്ത്രങ്ങള്‍ മെനഞ്ഞ് നിതീഷ് കുമാര്‍. ഭാവി രാഷ്ട്രീയഇന്ത്യ വര്‍ത്തമാനകാല ബീഹാറിനെ ഉറ്റു നോക്കുകയാണ് ; പുതിയ രാഷ്ട്രീയ പാഠങ്ങള്‍ക്കായി…
ഗോമാംസനിരോധനത്തിന്റെ വാദഗതികളില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശം വരെ ചൂണ്ടിക്കാട്ടി സംഘപരിവാരും, അവരുടെ ആശയഗതികള്‍ നടപ്പാക്കാന്‍ ഒരു പരിധിവരെ ദിഗ് വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസുകാരും മത്സരിക്കുന്ന കാലഘട്ടമാണ് മുന്നിലൂടെ കടന്നു പോകുന്നത്. അവിടെ ഉയരുന്ന ചര്‍ച്ചകളുടെ സ്വഭാവം ശ്രദ്ധിച്ചാല്‍ വളരെ അപകടം എന്നു പറയേണ്ടിവരും. കാരണം നിലപാട് അടിച്ചുറപ്പിക്കാനുള്ള ചില കോണുകളുടെ വ്യഗ്രത. അതു ചരിത്രവുമാണ്. എല്ലാ ഫാസിസ്റ്റ് സംഘടനകളും ചരിത്രത്തെ പുനര്‍വായിച്ച് അവരുടേതായ രീതിയില്‍ ഊട്ടി ഉറപ്പിക്കുക, ഇത്തരം ചര്‍ച്ചകളിലൂടെ ആണ്. അവിടെ എപ്പോഴും പരാമര്‍ശിക്കപ്പെടുക ചരിത്ര പുരുഷന്‍മാരും അവരുടെ വാക്കുകളും.

ഇത്തരം സാഹചര്യത്തിലാണു നവരാത്രി ആശംസയുമായി ബന്ധപ്പെട്ട് ഏതാനും സന്യാസ ശ്രേഷ്ഠന്‍മാരുമായി സംവദിക്കാന്‍ സാഹചര്യമുണ്ടായത്. അവര്‍ക്കു താല്‍പര്യമില്ലാതിരുന്ന വിഷയമായിട്ടും ഒരു മാധ്യമപ്രവര്‍ത്തകന്റെ കൗതുകത്തോടെ ചില ചോദ്യങ്ങള്‍ സംശയരൂപത്തില്‍ ഉന്നയിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഈ എഴുത്തിന്റെ തലക്കെട്ടിന് ആധാരം.

സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തികാട്ടി ഉദ്‌ഘോഷിക്കുന്ന രണ്ടു മഹദ് വ്യക്തികളാണ് സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരും. ഇരുവരും ഇവരുടെ പിന്തുടര്‍ച്ചക്കാരും സംഘപരിവാര്‍ വ്യവഹരിക്കുമ്പോലെ സസ്യാഹാരി അല്ല. ചരിത്രബോധത്തെ വക്രീകരിക്കാനുള്ള സംഘടിതശ്രമം എത്രമാത്രം ശോചനീയമാണെന്ന് ഞാന്‍ സംവദിച്ച സന്യാസശ്രേഷ്ഠന്‍മാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.

സ്വാമി വിവേകാനന്ദനിലേക്ക് എത്തുമുമ്പ് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതാവസ്ഥകളിലൂടെ….
പരമഹംസര്‍ സസ്യാഹാരിയേ അയിരുന്നില്ല. മത്സ്യം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വിഭവം. ശ്രീരാമകൃഷ്ണ മഠങ്ങളുടെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ എല്ലാ അന്തേവാസിയും മത്സ്യം ഉപയോഗിച്ചിരുന്നു. വ്യത്യസ്ത മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്ന മത്സ്യക്കുളങ്ങള്‍ ബേലൂര്‍ മഠത്തിന്റെ ഏറ്റവും ആകര്‍ഷണമായിരുന്നുവെന്നതും യാഥാര്‍ഥ്യം. ആശ്രമം സന്ദര്‍ശിച്ച് അവിടെ കുറച്ച് ദിവസം ചെലവഴിക്കുന്ന പല മതവിഭാഗക്കാര്‍ അവരുടെ ആഹാരരീതികള്‍ ഒരു മാറ്റവും ഇല്ലാതെ പിന്തുടര്‍ന്നിരുന്നുവെന്നും എന്നോട് സംസാരിച്ച സന്യാസി ശ്രേഷ്ഠന്‍മാര്‍ ഓര്‍മ പങ്കുവച്ചു. ഒരു തരത്തിലുള്ള വിലക്കും ശ്രീരാമകൃഷ്ണമഠം അവരുടെ അതിര്‍ത്തിക്കുള്ളില്‍ ആര്‍ക്കും ഏര്‍പ്പെടുത്തിയരുന്നില്ലെന്നും മഠത്തെ അടുത്തറിഞ്ഞവര്‍.

കൂടാതെ ബുദ്ധമതത്തിന്റെ അടിസ്ഥാന ശിലകളായ ടിബറ്റ്, തായലന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ ഇടങ്ങളില്‍ ്‌സന്യാസമഠങ്ങളില്‍ വ്യാപകമായി ബീഫ് അടക്കമുള്ള മാംസാഹാരവും മത്സ്യവും ഉപയോഗിച്ചിരുന്നതായും മൊഴി.

ഇനി സ്വാമി വിവേകാനന്ദനിലേക്ക്……
അദ്ദേഹത്തെ പരാമര്‍ശിക്കുമ്പോള്‍ നിലപാട് വ്യക്തിയധിഷ്ഠിതമാകാതിരിക്കാന്‍ ഉദാഹരണമായി രണ്ട് കാര്യങ്ങള്‍

” Only NonVegetarianism Can Make People Strong And Only A Nation Of Strong People Can Remain Independent.” : സ്വാമി വിവേകാനന്ദന്റെ മറുടപടിയില്‍നിന്ന് എന്തായിരുന്നു അദ്ദേഹത്തോട് ചോദിച്ച ചോദ്യമെന്ന് വ്യക്തം.

മറ്റൊന്ന് സ്വാമി വിവേകാനന്ദന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, അദ്ദേഹവുമായി നിരന്തരം അടുത്ത് പെരുമാറിയിരുന്ന റവ. ഡോ. ജോണ്‍ ഹന്റി ബാരോസ്. അമേരിക്കന്‍ പുരോഹിതനായിരുന്ന ഡോ. ജോണ്‍ ഹന്റി ബാരോസ്, 1893 ല്‍ ലോക മത പാര്‍ലമെന്റ് പ്രസിഡന്റായിരുന്നു. ലോക മത പാര്‍ലമെന്റില്‍ പങ്കെടുത്ത വിവേകാനന്ദന്‍ ബീഫ് അടക്കമുള്ള മാംസാഹാരം യഥേഷ്ടം ഉപയോഗിച്ചിരുന്നതായി ബാരോസിന്‍റെ നിരവധി കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. സംശയിമുള്ളവര്‍ ഡോ. ബാരോസിന്റെ 1897-കളിലെ കുറിപ്പുകളും ഡക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പഠിച്ചാല്‍ മതി. കൂടാതെ കന്യാകുമാരി പാറയിലെ തപസിന് ശേഷം സ്വാമി വിവേകാനന്ദനെ ശ്രുശ്രൂഷിച്ചത് അവിടത്തെ മത്സ്യത്തൊഴിലാളികളായിരുന്നു. അവരുടെ ആതിഥ്യം സ്വീകരിച്ച സ്വാമി മത്സ്യതൊ‍ഴിലാളികളുടെ ആഹാരനീഹാരാദികള്‍ യഥേഷ്ടം ഉപയോഗിച്ചെന്നും ചരിത്രം.

ദാദ്രി കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം ഏര്‍പ്പെടുത്തുന്നത് നല്ല കാര്യം; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രടപതിക്കു കത്തയയ്ക്കുന്നതും നല്ലകാര്യം; അതിനൊക്കെ വേണ്ടിയും,കൂടാതെ വിരുദ്ധ നിലപാടുകാരെ അടിച്ചൊതുക്കാനും ചരിത്രത്തെയും ചരിത്ര പുരുഷന്‍മാരേയും കൂട്ടുപിടിക്കുന്ന ശക്തികള്‍ ഇത്തരം ചരിത്രവസ്തുതകള്‍ കുറച്ചെങ്കിലും അറിയാന്‍ ശ്രമിക്കണം. രേഖകള്‍ പഠിക്കാന്‍ സമയമില്ലെങ്കില്‍ അതു പഠിച്ച സ്വാര്‍ത്ഥതയില്ലാത്ത സന്യാസിശ്രേഷ്ഠന്‍മാരുടെ വാക്കുകളെങ്കിലും ശ്രദ്ധിക്കണം.
രാഷ്ട്രീയത്തില്‍ എന്നും അടിയൊഴുക്കുകളാണ് ഗതിനിര്‍ണയിക്കുക. അത് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തിലായാലും. ബിജെപി കേരള ഘടകം അത്തരം സാഹചര്യത്തിലൂടെ ആണ് കടന്നുപോകുന്നത്. സംസ്ഥാന ബിജെപി യിലെ രണ്ട് പ്രബല ഗ്രൂപ്പുകളാണ് മുരളീധര – കൃഷ്ണദാസ് വിഭാഗം. അതിശക്തമായ ഗ്രൂപ്പുകള്‍ പാര്‍ട്ടി ചരിത്രവുമാണ്. അധികാര സാധ്യത ഇല്ലാതിരുന്നതിനാല്‍ അവ വലിയതോതില്‍ ചര്‍ച്ചയായില്ലെന്ന് മാത്രം.

നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആകെ അസ്വസ്ഥന്‍ ആണ് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായി. അതതു സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക സാമുദായിക രീതി അനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ സ്വീകരിക്കുകയും കേന്ദ്രനേതൃത്വം അംഗീകരിക്കുകയും ആയിരുന്നു പതിവ്. അമിത്ഷാ ദേശീയ അധ്യക്ഷന്‍ ആയതോടെ പതിവ് മാറി. സംസ്ഥാനസമിതി, തീരുമാനങ്ങള്‍ എടുത്ത് വിഷമിക്കേണ്ടെന്നും തരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, അത് നടപ്പാക്കിയ രീതികളും അനന്തരഫലവും വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് പുതിയ തിട്ടൂരം.
കേരളത്തിലെ കാര്യങ്ങള്‍ അങ്ങ് ദില്ലിയില്‍ തീരുമാനിച്ച് നിര്‍ദ്ദേശമായി കേരളത്തില്‍ എത്തും. അത് വളളിപുളളി തെറ്റാതെ നടപ്പാക്കി കാണിക്കണം. നിലവില്‍ വി മുരളീധരന്റെ പണി ഇങ്ങനെയാണ്. ആരാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. അവിടെയാണ് മുരളീധരനും സംഘവും അതിനെക്കാള്‍ കേരള സമൂഹവും ഭയക്കുന്നത്. ബിജെപി കേരള ഘടകത്തിന് മുകളില്‍ ‘ചാര’ അല്ലെങ്കില്‍ ‘ചോര’ കണ്ണുകളായി ഒരു കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. അവര്‍ അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കും. അമിത്ഷാ മുരളീധരന് ഫോര്‍വേഡ് ചെയ്യും.

അമിത്ഷാ അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ വി. മുരളീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി മുന്നിലെത്തി. റിപ്പോര്‍ട്ട് വാങ്ങിവച്ച അമിത്ഷാ മറ്റൊരു ഫയല്‍ വച്ചുനീട്ടി. ‘ഇംപ്ലിമെന്റ് ദിസ്’ രണ്ടുവാക്കില്‍ തിട്ടൂരം.

തിട്ടൂരത്തിലെ കാതല്‍.
1. അതിതീവ്ര ഹിന്ദുത്വ പ്രചാരണം.
2. അതിശക്തമായ മൂന്നാം മുന്നണി.
3. ടൈറ്റില്‍വാല്യു ഉളള പത്രവും ചാനലും.
4. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമില്ലെങ്കിലും കുഴപ്പമില്ല. സംസ്ഥാനത്തെ ശക്തമായ ഇടതുപക്ഷസംഘടനാ സംവിധാനം പൊളിക്കുക. (ഉപയോഗിച്ച വാക്ക് – ‘first shatter’ the organised left wing)

ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടികയുമായി നാളുകള്‍ക്ക് ശേഷം വി മുരളീധരന്‍ അമിത്ഷാക്ക് മുന്നിലെത്തിയപ്പോള്‍ അത് മടക്കിവച്ച് ഷാ ചോദിച്ചത്രേ, ഹൗ ദ റിപ്പോര്‍ട്ട് വര്‍ക്‌സ് ? മുരളീധരന്‍ പി സി തോമസിനെ ഉള്‍പ്പെടുത്തുന്ന മൂന്നാംമുന്നണിയുടേയും ജന്മഭൂമി ദിനപത്രത്തിന്റേയും ഉടന്‍ സംപ്രേഷണത്തിന് തയ്യാറെടുക്കുന്ന ഒരു ചാനലിന്റേയും കാര്യങ്ങള്‍ സൂചിപ്പിച്ചു. കേട്ട് ചിരിച്ച അമിത്ഷാ മുരളീധരന് കൈകൊടുത്ത് പുഞ്ചിരിച്ചു.

സ്ഥാനമോഹികളുടെ സമ്മര്‍ദ്ദഫലമായി വിവിധ ബോര്‍ഡുകളിലും മറ്റും അവകാശപ്പെട്ട ലിസ്റ്റുമായി വീണ്ടും ദില്ലിയിലെത്തിയ മുരളീധരനെ കാണാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ന്യായീകരണമായി അമിത്ഷായുടെ സെക്രട്ടറി അറിയിച്ചത്. അപ്പോഴും കേരള കാര്യത്തില്‍ മുരളീധരന് മുകളിലൂടെ രൂപപ്പെടുന്ന അന്തര്‍നാടകങ്ങളുടെ തിരയെഴുത്ത് മനസ്സിലാക്കാന്‍ മുരളീധരനിലെ രാഷ്ട്രീയക്കാരന്റെ അകംകണ്ണിന് സാധിച്ചില്ല.
അത് മുരളീധരന്‍ മനസ്സിലാക്കുമ്പോഴേക്കും അദ്ദേഹത്തിലെ പുഞ്ചിരി നഷ്ടമാകുന്ന ഘട്ടമെത്തിക്കഴിഞ്ഞിരുന്നു. അമത്ഷാ, പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍, അഡ്വ.പ്രതീഷ് വിശ്വനാഥ് കൂട്ടുകെട്ട് കേരളത്തിലെ രണ്ട് പ്രമുഖ ആര്‍എസ്എസ് – വിഎച്പി നേതാക്കള്‍ വഴി കേരളത്തിലെ ബിജെപി രാഷ്ട്രീയം രൂപപ്പെടുത്തിതുടങ്ങിയിരുന്നു. അപ്പോഴേക്കും എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാസര്‍ഗോഡ് – തിരുവനന്തപുരം ‘ധര്‍മ്മരഥയാത്ര’യുടെ പൂര്‍ണചിത്രം തയ്യാറായിക്കഴിഞ്ഞിരുന്നു. ഒപ്പം വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശത്തില്‍ അദ്ദേഹവുമായി അടുപ്പമുള്ള ടിവി ചാനല്‍ കൂടി കൈയ്യിലുള്ള ഒരു മലയാളമാധ്യമ ഗ്രൂപ്പുമായുള്ള ചര്‍ച്ചയും പകുതി പിന്നിട്ടിരുന്നു. എസ്എന്‍ഡിപി അടക്കം വിവിധ പിന്നാക്ക വിഭാഗ സംഘടനാ നേതൃത്വവുമായള്ള ചര്‍ച്ചകള്‍ ഒന്നും വി മുരളീധരന്‍ അറിഞ്ഞില്ല.

അടുത്തെയിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വളരെക്കാലത്തിന് ശേഷം ആദ്യമായി വി മുരളീധരന്‍ പി കെ കൃഷ്ണദാസിനെ പുഞ്ചിരിയോടെ കൈകൊടുത്തു സ്വീകരിച്ച് കാര്യങ്ങള്‍ സംസാരിച്ചു.

മന്‍ കി ബാത്ത് : മാരാര്‍ജിഭവനില്‍ വി മുരളീധരന്റെ വാര്‍ത്താസമ്മേളനം.
അവസാനം പ്രമുഖ ദിനപത്രത്തിലെ ബിജെപി ബീറ്റ് നോക്കുന്ന ലേഖകന്‍: മുരളീജി, പഴയ പോലെ ഉഷാര്‍ കാണുന്നില്ല. ആ സൗന്ദര്യ പുഞ്ചിരിയും കാണുന്നില്ല.
വി മുരളീധരന്‍: അതെന്തേ അങ്ങനെ ചോദ്യം, ഉണ്ണിയപ്പം കഴിച്ചോ.? എല്ലാവരും പൊട്ടിച്ചിരിച്ചു. വി മുരളീധരനും പുഞ്ചിരിച്ചു.
ടിവി ക്യാമറമാന്‍: ‘ഇങ്ങനെ പോയാല്‍ ഉണ്ണിയപ്പം കഴിക്കും.’
മാരാര്‍ജി ഭവനില്‍ നിരവധി വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുത്ത് ഉണ്ണിയപ്പത്തിന്റെ മധുരം അറിഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകളൊന്നും അത്ര മധുരമായി തോന്നുന്നില്ല.
2015 സെപ്തംബര്‍ 26…
അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന തലസ്ഥാനത്ത്. തിരക്കിട്ട സംഘടനാ ചര്‍ച്ചകള്‍. ശേഷം ഷായ്ക്ക് അല്‍പം വിശ്രമം. ആ സമയം രാത്രി വൈകി രണ്ടുപേര്‍ നിര്‍ണായക തയ്യാറെടുപ്പില്‍. രഹസ്യചര്‍ച്ചയ്ക്ക് അരങ്ങൊരുക്കുകയാണ് ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും സംഘപരിവര്‍ സംഘടനകളുടെ സംസ്ഥാന കോര്‍ഡിനേറ്ററുമാണ് രണ്ടുപേര്‍. അല്‍പസമയം കഴിഞ്ഞപ്പോള്‍ അമിത്ഷായും സംഘപരിവാര്‍ സംഘടനകളുടെ ദേശീയ കോര്‍ഡിനേറ്ററും എത്തി. അടച്ചിട്ട മുറിയില്‍ നാല്‍വര്‍സംഘത്തിന്റെ അതീവ രഹസ്യചര്‍ച്ചയ്ക്കു തുടക്കം. വളരെ വൈകാതെ അവര്‍ കാത്തിരുന്ന വിഐപി, ചര്‍ച്ചയുടെ ഭാഗമായി. കേരളത്തില്‍ മൂന്നാംമുന്നണി എന്ന ആശയത്തിന് ആളും അര്‍ത്ഥവും നല്‍കുന്ന പ്രമുഖവ്യവസായ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ഇദ്ദേഹം. മിസ്റ്റര്‍ അമിത് ഷാ, ആരാണ് ഇദ്ദേഹം? എന്താണ് ഇദ്ദേഹത്തിന് സംഘടനാ പ്രതിനിധികളുടെ ചര്‍ച്ചയിലെ പ്രസക്തി? ഒരു മണിക്കൂറിലധികം നീണ്ട അടച്ചിട്ട മുറിയിലെ അതീവരഹസ്യകൂടിക്കാഴ്ചയുടെ അജണ്ട എന്ത്? അറിയാനുള്ള അവകാശം കേരളത്തിനുണ്ട്. പറയാനുള്ള ബാധ്യത താങ്കള്‍ക്കും.

മേല്‍ പറഞ്ഞ വിവരം ലഭിച്ചത് കഴിഞ്ഞ ദിവസം ജമ്മുതാവി എക്‌സ്പ്രസില്‍ കൊച്ചിയിലേക്കള്ള യാത്രക്കിടെ. സംസാരിച്ചത് ബിജെപി സംസ്ഥാനസമിതി അംഗം. അദ്ദഹത്തിന്റെ പരാമര്‍ശവും ശ്രദ്ധേയമായി. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും നിമയസഭാ തെരഞ്ഞെടുപ്പും ബിജെപി ക്ക് വെറും റിഹേഴ്‌സല്‍ ക്യാമ്പ് മാത്രം. ലക്ഷ്യം വിശാലം.

നേതാവിന്റെ പരാമര്‍ശം ‘അമിത് ഷാ യുടെ അജണ്ട’ എന്ന തലക്കെട്ടില്‍ ദേശീയ മാധ്യമത്തില്‍ മുമ്പ് വന്ന ലേഖനം എന്നെ ഓര്‍മ്മപ്പെടുത്തി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. ആ കാലഘട്ടത്തില്‍ അങ്ങേക്കായിരുന്നു ഉത്തര്‍പ്രദേശിന്റെ ചുമതല. അക്കാലത്ത് അങ്ങ് നിരവധി രഹസ്യ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നെന്നും കലാപത്തിന് മുമ്പ് മുസാഫര്‍ നഗറിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് 15 ഓളം യുവാക്കളെ റിക്രൂട്ട് ചെയ്ത് പ്രത്യേകം പരിശീലിപ്പിച്ചെന്നും ലേഖനം. ഇതേ അവസ്ഥ ആയിരുന്നു ഗുജറാത്തിലെ ഗോദ്ര കാലാപത്തിന് മുന്‍പും അയോധ്യയിലെ കര്‍സേവയ്ക്ക് മുന്‍പും ഉള്ള അങ്ങയുടെ രാഷ്ട്രീയ സൂക്ഷമതയെന്നും ലേഖനം വിലയിരുത്തുന്നു.
ഇത്തരം ഓര്‍മ്മപ്പെടുത്തലാണ് അങ്ങയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന അഞ്ചംഗ സംഘത്തിന്റെ രഹസ്യകൂടിക്കാഴ്ചയെ ആശങ്കയോടെ സംശയിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി അടുത്തയിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചപ്പോള്‍ കേരളത്തെക്കുറിച്ചുള്ള സെഷനില്‍, ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയബോധമെന്നു ചൂണ്ടിക്കാട്ടിയ കേരളത്തിലെ മുതിര്‍ന്ന നേതാവിനെ അങ്ങു തിരുത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, കേരളം ഇവിടുത്തെ ജനമനസ്സ് ഒരുപോലെ ചിന്തിക്കുന്നു എന്ന മനശാസ്ത്രജ്ഞന്‍മാരുടെ പഠനം ചൂണ്ടിക്കാട്ടുകയും ജനമനസ്സ് പാകപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ദൗത്യമെന്നും കേരളനേതാക്കളെ ഓര്‍പ്പെടുത്തിയാതായി അറിഞ്ഞു.

അപ്പോള്‍ ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാമെന്ന് അങ്ങ് സ്വപ്നം കാണുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് ഹൈന്ദവ ബിംബങ്ങളെ ഉയര്‍ത്തികാട്ടി, വിശ്വാസ ചടങ്ങുകളെ മുഴുവന്‍ തെരുവ് ഘോഷയാത്രകള്‍ ആയി വ്യാപിപ്പിക്കാന്‍ അങ്ങ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മൂന്നാം മുന്നണി എന്ന രാഷ്ട്രീയ സ്വപ്നത്തിനൊപ്പം ടിവി ചാനലടക്കം ഉള്ള കേരളത്തിലെ ഒരു പ്രമുഖ മാധ്യമഗ്രൂപ്പിനെ വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങള്‍ക്കും അങ്ങ് നേരിട്ട് നേതൃത്വം നല്‍കുന്നതായി അറിയുന്നു. ജനാധിപത്യപ്രക്രിയയില്‍ ഇതൊക്കെ അങ്ങയുടെ കടമയും അവകാശവുമായിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ലോല മാനസികാവസ്ഥകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അങ്ങയുടെ ഉത്തരേന്ത്യന്‍ തന്ത്രം ദയവായി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുക. അങ്ങുള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ തലസ്ഥാനത്തെ രഹസ്യകൂടിക്കാഴ്ചയ്ക്ക് അങ്ങനെ ഒരു അജണ്ട ഇല്ലെന്ന് വിശ്വസിക്കട്ടെ. അത് ഉറപ്പു വരുത്താനുള്ള ബാധ്യത അങ്ങേയ്ക്കും കൂടിയുണ്ട്.
ഡിയര്‍ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ;
താങ്കളുടെ അമേരിക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തെയും മുന്‍കാല വിദേശയാത്രകളേയും പ്രാദേശിക ദേശീയ മാധ്യമങ്ങളില്‍ കൂടി വളരെ അടുത്ത് മനസിലാക്കാന്‍ ശ്രമിച്ച ഒരു സാധാരണ ഇന്ത്യക്കാരനാണ് ഞാന്‍. ലോകനേതാക്കളുമായുളള ഇടപെടലിലെ താങ്കളുടെ ശരീരഭാഷയും സന്ദര്‍ഭങ്ങളെ മുഴുവന്‍ അതിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തുന്നതില്‍ താങ്കള്‍ പുലര്‍ത്തിയ കരവിരുതും പ്രശംസനീയം തന്നെ. താങ്കള്‍ അധികാരമേറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നടത്തിയ വളരെയധികം വിദേശയാത്രകളിലും അതിലൂടെ താങ്കള്‍ നേടിയെടുത്ത മാധ്യമശ്രദ്ധയിലും താങ്കളെപ്പോലെ ഞാനും ഏറെ അഭിമാനിക്കുന്നു. താങ്കളെക്കുറിച്ചുളള അഭിമാനം ഭ്രാന്തമായ ആരാധനയിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഒരു പുലര്‍കാല സ്വപ്നത്തില്‍ എന്റെ ഗ്രാമത്തിലെ ശിവന്‍ചേട്ടന്‍ എന്റെ ചെവിക്ക് പിടിച്ചത്.

അതുവരെ താങ്കളും അമേരിക്കയും അയര്‍ലന്‍ഡും സുക്കര്‍ബര്‍ഗും സിലിക്കോണ്‍വാലിയും അവിടുത്തെ ഐ ടി ഭീമന്‍മാരുടെ വര്‍ണക്കാഴ്ചകളിലുമായിരുന്നഞാന്‍ തലയ്ക്കടിയേറ്റപോലെ ശിവന്‍ ചേട്ടന്റെ ചോദ്യങ്ങള്‍ക്ക് പിന്നാലെ പോയി. താങ്കള്‍ ശിവന്‍ ചേട്ടനെ അറിയാന്‍ വഴിയില്ല. ശിവന്‍ ചേട്ടന്‍ ഇന്ത്യയുടെ ഒട്ടുമിക്ക ഗ്രാമങ്ങളും വളരെ അടുത്തറിഞ്ഞ വ്യക്തിയാണ്. അടുത്തകാലത്ത് ദുരന്തമറിഞ്ഞ കൃഷിക്കാരനാണ്. സ്വപ്നത്തില്‍ ശിവന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.
1. രാജ്യത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച അപകടകരമായി വര്‍ദ്ധിക്കുന്നു
2. വിളനാശം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ല
3. പ്രാഥമികവിദ്യാഭ്യാസരംഗം അതിഭീകരമാം വിധം കുത്തഴിഞ്ഞിരിക്കുന്നു
4. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല
5. പൊതുഗതാഗത സംവിധാനം അതിദയനീയം
6. എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് റോഡില്ല; ഉളളതിന്റെ അവസ്ഥയോ?
7. വൈദ്യുതി ലഭിക്കാത്ത ലക്ഷക്കണക്കിന് ഗ്രാമീണര്‍
8. ശൗചാലയങ്ങളുടെ അവസ്ഥ! അവ ഉണ്ടോ?
9. പോഷകാഹാര കുറവിനെ കുറിച്ച്, സ്ത്രീകളുടെ അവസ്ഥയെകുറിച്ച് ഐക്യരാഷ്ട്രസഭ എന്താണ് പറഞ്ഞത്?
10. ഗ്രാമീണ ഇന്ത്യയില്‍ ആരോഗ്യമേഖലയുടെ സ്ഥിതി എന്ത്? ആശുപത്രികള്‍, ചേരികള്‍, ആദിവാസികള്‍, തൊഴില്‍ രംഗം, ഇവയുടെയെല്ലാം അവസ്ഥ എന്താണ്.?
11. മൊബൈല്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലെ വലിയകണക്കു പറയുകയും അതിനെ ഡിജിറ്റല്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാനും താങ്കള്‍ നടത്തുന്ന ശ്രമത്തില്‍, അവരുടെ കൈയിലുള്ള മൊബൈല്‍ ഫോണിന് ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള സാങ്കേതിക തികവുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?
ഇവയൊക്കെ കുറിച്ച് ശിവന്‍ ചേട്ടന്‍ അടുത്തറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കേട്ടപ്പോ തന്നെ ഞാന്‍ ശിവന്‍ ചേട്ടനെ തടഞ്ഞു. വെറുതെ വിമര്‍ശിക്കരുതെന്ന് വിലക്കി. എന്നിട്ട് അങ്ങ് കൂടിക്കാഴ്ച നടത്തിയ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ക്വാല്‍കം, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങി സിലിക്കോണ്‍വാലി കാഴ്ചകളില്‍ കൂടി അങ്ങു പറയുന്ന മെയ്ക്ക് ഇന്‍ ഇന്ത്യയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിവരിച്ചു കൊടുത്തു.

ഡിയര്‍ പ്രൈംമിനിസ്റ്റര്‍, അതൊക്കെ കേട്ടിട്ട് ശിവന്‍ചേട്ടന്‍ പൊട്ടിച്ചിരിച്ചുകോണ്ട് ചോദിക്കുകയാ ‘പണ്ട് കേട്ട ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോയും രാജീവ് ഗാന്ധിയുടെ പൂര്‍ണ ഗ്രാമവികസനവും നരസിംഹ റാവുവിന്റെ സമഗ്രസാമ്പത്തിക വികസനവും വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നുവും ഡോ. മന്‍മോഹന്‍ സിംഗിന്റെ ലോക സാമ്പത്തികശക്തി മുദ്രാവാക്യങ്ങള്‍ക്കും കൂടുതലായി അങ്ങ് എന്തു പറയുന്നെന്ന്. ഈ മുദ്രാവാക്യങ്ങള്‍ കബളിപ്പിച്ചത് പോലെ അങ്ങും ഗ്രാമീണ ഇന്ത്യയെ കളിയാക്കുകയാണെന്ന്. അസംതുലിത വികസനം എന്ന നവലിബറല്‍ ശാപത്തെ അതിജീവിക്കാന്‍ അങ്ങേയ്ക്ക് മുദ്രാവാക്യങ്ങള്‍ ഇല്ലെന്ന്. അങ്ങ് ഗ്രാമീണ ഇന്ത്യയെ ഭ്രമിപ്പിച്ച് മുതലാളി രാജ്യങ്ങളുടെ വിപണിയാക്കി മാറ്റാന്‍ അവസരം സൃഷ്ടിക്കുന്നെന്ന്. എല്ലാ ലോക രാജ്യങ്ങളും അടുത്തറിയാനായി യാത്രയ്ക്ക് ഷഡ്യൂള്‍ ചെയ്യുന്ന അങ്ങ് ഇന്ത്യയിലെ എല്ലാ ഉള്‍ ഗ്രാമങ്ങളും എന്തിന് മുക്കാല്‍ ഭാഗം ഗ്രാമങ്ങളെങ്കിലും കണ്ടിട്ടുണ്ടോ എന്ന്? അടുത്തറിഞ്ഞിട്ടുണ്ടോ എന്ന്? പിന്നെ എങ്ങനെ അങ്ങ് വ്യത്യസ്തനാകുമെന്ന്? ഇതൊക്കെ കേട്ട് ഞാന്‍ ശിവന്‍ ചേട്ടനെ പുലര്‍കാലസ്വപ്നത്തില്‍ നിന്നും തട്ടിയകറ്റി. ആട്ടിപ്പായിച്ചു.
വിമര്‍ശകനാണെങ്കിലും ശിവന്‍ചേട്ടന്‍ നല്ലൊരു കര്‍ഷകനായിരുന്നു. പക്ഷേ പിന്നീട് കടം കയറി ആത്മഹത്യ ചെയ്തു. ഇപ്പോള്‍ കുടുംബവും കഷ്ടപ്പാടില്‍. ഡിയര്‍ പ്രൈം മിനിസ്റ്റര്‍, നവംബറില്‍ അങ്ങ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നറിയുന്നു. അവിടെ വെംബ്ലി സ്റ്റേഡിയം ജനസാഗരമാക്കാന്‍ പിആര്‍ വര്‍ക്ക് തുടങ്ങിയെന്നും അറിഞ്ഞു. അവിടേയ്ക്ക് പോകും മുമ്പ് ഇടയ്‌ക്കെപ്പോഴെങ്കിലും അങ്ങ് ഈ ഗ്രാമീണന്റെ കത്ത് വായിക്കുമോ. ഇതില്‍ ശിവന്‍ ചേട്ടന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഗൗരവം ഉളളതാണോ. ഭാവിയില്‍ എന്നെങ്കിലും ശിവന്‍ ചേട്ടന്‍ സ്വപ്നത്തില്‍ ശല്യം ചെയ്താല്‍ ശക്തമായ മറുപടി കൊടുത്ത് അങ്ങയെ ന്യായീകരിച്ച് വാദിക്കാന്‍ എനിക്കാകുമോ. എന്നെപ്പോലെ എല്ലാ ഗ്രാമീണര്‍ക്കും. അങ്ങയെ സ്‌നേഹിക്കുന്ന എന്നാല്‍ അങ്ങയെ ആരാധിക്കാന്‍ ശിവന്‍ ചേട്ടന്‍ സമ്മതിക്കാത്തതിനാല്‍ മടിച്ച് നില്‍ക്കുന്ന
എസ് വി പ്രദീപ്
(ഒപ്പ്)
സിനിമാശാലയ്ക്ക് മുന്നില്‍ കേട്ട സംഭാഷണമാണ് തലക്കെട്ടിന് ആധാരം. നീതു ജോസഫ് നിര്‍ബന്ധിച്ചപ്പോഴാണ് ജോലിത്തിരക്കുകള്‍ മാറ്റിവച്ച് കളിയച്ഛന്‍ സിനിമ കാണാന്‍ പോയത്. കുറച്ചു നേരത്തേ ആയതിനാല്‍ ടിക്കറ്റ് എടുക്കും വരെ പടിക്കെട്ടില്‍ ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് സമീപം മധ്യവയസ്‌കരുടെ സംഘം നാട്ടുകാര്യം പറയുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയം മുഖ്യ വിഷയം. സാധാരണ ചായക്കട രാഷ്ട്രീയം ഏറെ കേട്ട് മടുപ്പുളളതിനാല്‍ ഇഷ്ട വിനോദമായ ഫേയ്‌സ്ബുക്കില്‍ ഞാന്‍ തപ്പിതടഞ്ഞ് ഇരുന്നു.

”സോണിയാഗാന്ധിക്ക് വിദേശ ബാങ്കില്‍ 90,000 കോടി രൂപ കളളപ്പണ നിക്ഷേപം. അവകാശി രാഹുല്‍ ഗാന്ധി” അവരിലെ ഈ പരാമര്‍ശമാണ് എന്റെ ശ്രദ്ധ ചര്‍ച്ചാസംഘത്തിലേക്ക് എത്തിച്ചത്.

മിസ്റ്റര്‍ ക്ലീന്‍ രാജീവ്ഗാന്ധി 1980-ല്‍ ബൊഫോഴ്‌സ് അഴിമതിയിലൂടെയും പിന്നെ വിദേശ ചാരസംഘടനകള്‍ക്കു നല്‍കിയ സഹായങ്ങള്‍ വഴിയും നേടിയ പ്രതിഫലം അടക്കം 2.2 ബില്യന്‍ ഡോളര്‍ കളളപ്പണം (ഇന്നത്തെ മൂല്യം 90,000 കോടി രൂപ) മൈനറായ രാഹുല്‍ ഗാന്ധിയെ അവകാശി ആക്കി വിദേശ ബാങ്കില്‍ നിക്ഷേപിച്ചു. ഇടപാട് കൈകാര്യം ചെയ്യുന്നത് സോണിയ ഗാന്ധി. വിദേശ മാധ്യമം സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ്, 1991 നവംബര്‍ 19 ന് റഷ്യന്‍ ചാരസംഘടന കെജിബി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തു. കോളമിസ്റ്റ് എ ജി നൂറാണിയും സ്റ്റേറ്റ്‌സ്മാന്‍ അടക്കമുളള മാധ്യമങ്ങളും ആരോപണം പല തെളിവുകളില്‍ കൂടി ആവര്‍ത്തിച്ചു. സോണിയഗാന്ധിയും കുടുബവും വാര്‍ത്ത നിഷേധിച്ചില്ല. കളളവാര്‍ത്തയാണെങ്കില്‍ ചമച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. സുബ്രഹ്മണ്യന്‍സ്വാമി ആവര്‍ത്തിച്ച് വെല്ലുവിളിച്ചത്രേ. ചര്‍ച്ചാ സംഘത്തിന്റെ സംവാദതലം ചരിത്രത്താളുകളെ കൂട്ട് പിടിച്ച്.

‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ അവരിലൊരാളുടെ പരാമര്‍ശമാണ് എന്റെ എഴുത്തിന്റെ വികാസരൂപം.
അവരുടെ സംവാദം കേട്ടിട്ടാവണം രാഷ്ട്രീയം വലിയ വശമില്ലാത്ത നീതു ജോസഫ് ചോദിച്ചു. ‘സാക്ഷാല്‍ കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു നരസിംഹറാവു
ഇറക്കിവിട്ടു. പക്ഷേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും സോണിയാഗാന്ധി എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തൊടുന്നില്ല’. നീതുവിന് ഞാന്‍ കൊടുത്ത മറുപടി അവരില്‍ നിന്നും കടമെടുത്ത വാക്കുകളാണ് ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’. എന്റെ തോളില്‍ ഇടിച്ച നീതുവിനോട് ചര്‍ച്ചാ സംഘത്തെ ശ്രദ്ധിക്കാന്‍ സൂചന നല്‍കി. അവരുടെ വിഷയത്തില്‍

യു.പി.എ സര്‍ക്കാര്‍:
1. 2008: ടു ജി സ്‌പെക്ട്രം അഴിമതി; 1.76 ലക്ഷം കോടി രൂപ.
2. 2009: സത്യം കമ്പ്യൂട്ടേഴ്‌സ് അഴിമതി; 14,000 കോടി രൂപ.
3. 2010: കോമണ്‍വല്‍ത്ത് ഗയിംസ് അഴിമതി;70,000 കോടി രൂപ.
4. 2012: കല്‍ക്കരിപ്പാടം അഴിമതി; 1.86 ലക്ഷം കോടി രൂപ.
ഹെലിക്കോപ്റ്റര്‍ അഴിമതി.
ടട്ര ട്രക്ക് അഴിമതി.
ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം.
ഇന്‍ഷുറന്‍സ് കുംഭകോണം. പിന്നെ തെല്‍ഗിയും താജ് ഇടനാഴിയും മറ്റും…..ഇത് സോണിയഗാന്ധിയുടെ സര്‍വാധിപത്യത്തിന്‍ കീഴില്‍.

1991-ലെ സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തെളിവുകള്‍ അടിസ്ഥാനമാക്കിയാല്‍ മേല്‍ സൂചിപ്പിച്ച അഴിമതികളില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേതൃത്വം നല്‍കിയ ആള്‍ കമ്മീഷന്‍ പങ്കിടും. അതാണ് കോണ്‍ഗ്രസ് ചരിത്രം. എത്രയാവും കമ്മീഷന്‍ ? അപ്പോള്‍ 90,000 കോടി + ………!! ആ പണം ഏത് വിദേശ ബാങ്കില്‍? ആരാണ് അവകാശി? ചര്‍ച്ചാസംഘത്തിന്റെ സംവാദഭാഗം ശ്രദ്ധിച്ച ഞാന്‍ നീതുവിനെ നോക്കി. ‘രാജീവ് സോണിയ 90,000 കോടി കളളപ്പണത്തിന് രാഹുല്‍ അവകാശിയെങ്കില്‍ പിന്നീട് നേടിയതിനും അദ്ദേഹമാകുന്നത് സ്വാഭാവികം. കാരണം പ്രിയങ്കയ്ക്ക് റോബര്‍ട്ട് വധേരയുടെ അഴിമതി അനന്തരാവകാശം ധാരാളം.’ രാഷ്ട്രീയജ്ഞാനം തീരെ ഇല്ലെന്നു പൊതുവെ കരുതുന്ന നീതു ജോസഫിന്റെ മറുപടി ചര്‍ച്ചാസംഘം കേട്ടിരുന്നേല്‍ നീതുവിനേയും കൂടെ കൂട്ടിയേനെ.

ചര്‍ച്ചാസംഘത്തിന്റെ സംവാദതലം കേരളത്തില്‍……
1. ബാര്‍ അഴിമതി : അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ഒരു കോടി കൈപ്പറ്റി. ഇതേ ബാറുകള്‍ തുറക്കാതിരിക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടു.
2. സോളാര്‍ അഴിമതി : സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത കോടികള്‍.
3. കടകംപളളി, കളമശേരി ഭൂമിതട്ടിപ്പ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട 450 കോടി രൂപയുടെ അഴിമതി
4. ടൈറ്റാനിയം അഴിമതി : ടൈറ്റാനിയത്തില്‍ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് 226 കോടി രൂപയുടെ അഴിമതി
5. സൈന്‍ ബോര്‍ഡ് അഴിമതി : വഴിയോരങ്ങളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതില്‍ 500 കോടി രൂപയുടെ അഴിമതി
6. പി.ഡബ്ല്യു.ഡി. അഴിമതി : ഒരു റോഡിന്റെ ഭിത്തി നിര്‍മ്മാണത്തിനു മാത്രം 10 കോടി രൂപയുടെ അഴിമതി.

പിന്നെ കൂടെയുണ്ടായിരുന്ന പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിളളയും കെ ബി ഗണേഷ്‌കുമാറും കെ ആര്‍ ഗൗരിയമ്മയും ഉയര്‍ത്തുന്ന മറ്റ് അഴിമതി ആരോപണങ്ങള്‍. കൂടെയുളള ടി ജെ ചന്ദ്രചൂഡനും എന്‍ കെ പ്രേമചന്ദ്രനും എം പി വീരേന്ദ്രകുമാറും ഇടയ്ക്ക് നടത്തുന്ന കുമ്പസാര തിരുവചനങ്ങള്‍.

അഴിമതിയില്‍ അറസ്റ്റിലായ എ രാജയും കല്‍മാഡിയും രാമലിംഗരാജുവും അടക്കമുളളവര്‍ വിളിച്ചു കൂവി ഞങ്ങള്‍ ബലിയാടുകള്‍ മാത്രം; കോടികള്‍ കമ്മീഷന്‍ പറ്റിയവര്‍ പുറത്ത് വിലസുന്നു. ജോപ്പനും സരിതയും സലിം കുമാറും ആവര്‍ത്തിച്ചതും അതുതന്നെ.

കേന്ദ്രത്തില്‍ സര്‍വ്വാധിപ സോണിയഗാന്ധി; കേരളത്തില്‍ ഉമ്മന്‍ചാണ്ടി.അപ്പോള്‍ ഉമ്മന്‍ചാണ്ടി നേടിയ കമ്മീഷന്‍ എത്ര? അതിന്റെ നിക്ഷേപം സ്വദേശത്തോ വിദേശത്തോ? ആരാണ് അനന്തരാവകാശി?
ചര്‍ച്ചാസംഘത്തിലൊരാള്‍ ഇത്രയും പറഞ്ഞതും പലപ്രാവശ്യം തോളില്‍ ഇടിക്കരുതെന്ന് വിലക്കിയിട്ടും ഇക്കുറിയും ആഞ്ഞിടിച്ചുകൊണ്ട് നീതു ജോസഫ് ചോദിച്ചു ‘അതാണോ സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയെ തൊട്ടുകളിക്കാത്തത്?’. കൂടെ ഒരു കണ്ണിറുക്കും. തോളത്തെ വേദന കലശലായെങ്കിലും എനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ നിരക്ഷതയുടെ പര്യായമെന്നു സുഹൃത്തുക്കള്‍ കളിയാക്കുന്ന നീതുവും സാക്ഷരത നേടുന്നോ എന്ന ചിരി. ചിരിച്ചു കൊണ്ട് ഞാന്‍ നീതുവിനെ ഓര്‍മ്മിപ്പിച്ചത് എ കെ ആന്റണിയുടെ വാക്കുകള്‍ ‘സെമി ഫൈനലാണ്; തോറ്റാല്‍ വീട്ടിലിരിക്കാം’
നീതുവിന്റെ കണ്ണുകളില്‍ നിന്നും മനസിലായി കാര്യം പിടികിട്ടിയില്ലെന്ന്.

ജനാധിപത്യത്തില്‍ സര്‍വ്വാധിപത്യം വോട്ടാണ്. വോട്ടര്‍മാര്‍ക്കും വരും നാളുകള്‍ സെമി ഫൈനലാണ്; വോട്ടിംഗില്‍ തോല്‍ക്കാന്‍ പാടില്ല; തോറ്റാല്‍ കോടികളുടെ കളളപ്പണം സ്വരൂപിച്ച് വിദേശത്തെത്തിച്ച രാഷ്ട്രീയക്കാരെപ്പോലെ സുഖിച്ച് വീട്ടിലിരിക്കാന്‍ വോട്ടര്‍മാര്‍ക്ക് ആകുമോ എന്നതിലേ സംശയമുളളൂ.

നീതു പൊട്ടിച്ചിരിച്ചു കൊണ്ട് ‘സോ…….സെമിഫൈനലാണ്; തോറ്റാല്‍………

വീണ്ടും ചര്‍ച്ചാസംഘത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കട്ടെ ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ : യഥാ പ്രജ തഥ രാജ